ടൈറ്റാനിയം അഴിമതിയെ കുറിച്ച് കൂടുതൽ നേതാക്കൾ ബോധവാൻമാരായിക്കഴിഞ്ഞു. കുരുക്കാണ് മുറുകുന്നതെന്ന് ബോധ്യമാകും വിധം അടുത്ത മാസം ഈ കേസിൽ സുപ്രധാനമായ ചിലത് സംഭവിക്കും. കേസിലെ പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജ് നടത്തിയ വെളിപ്പെടുത്തലുകൾ കരിമണൽ കർത്തയിലിലേക്കും ഒടുവിൽ ക്ലിഫ് ഹൗസിലേക്കും എത്തുമെന്ന് ഉറപ്പാണ്. പക്ഷെ മുഖ്യമന്ത്രിയേയും ഗവർണറേയും വെട്ടിലാക്കുന്ന ചില സംഭവങ്ങളും ഉയരുകയാണ്. അക്കാര്യത്തെ കുറിച്ച് സൂചന നൽകി കൊണ്ട് സെബാസ്റ്റ്യൻ ജോർജ് ഇന്ന് പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:
അഴിമതിക്കാരായ പൊതുപ്രവർത്തകരെ സംരക്ഷിക്കുന്ന , കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന ( Zero Tolerance to Corruption ) അഴിമതിക്കെതിരെ പോരാടുവാനും, പൊതുമുതൽ സംരക്ഷിക്കാനും മുൻപോട്ടു വരുന്ന സത്യസന്ധരായ പൗരന്മാർക്ക് നീതി ലഭ്യമാക്കാൻ കഴിവില്ലാത്ത ഒരു ഗവർണറെ കേരളത്തിന് ആവശ്യം ഇല്ല . ഖജനാവിൽ നിന്നും കോടികൾ മുടക്കി തീറ്റിപ്പോറ്റേണ്ട ആവശ്യം ഇല്ല എന്നാണു എന്റെ നിലപാട് .
ഖജനാവിലെ പൈസ മുഖ്യമന്ത്രിയുടെയും , മന്ത്രിമാരുടെയും , ഐ എ എസ് കാരുടെയും കുടുംബസ്വത്തല്ല . അത് നാടിന്റെ വികസനത്തിന് വേണ്ടിയും ,ജനങളുടെ ക്ഷേമത്തിന് വേണ്ടിയും ഉപയോഗിക്കുവാൻ ഉള്ളതാണ് . അല്ലാതെ അഴിമതിക്ക് വേണ്ടി , അഴിമതിയുടെ ബാധ്യത തീർക്കുവാൻ വേണ്ടി ഉപയോഗിക്കാൻ ഉള്ളതല്ല . 2007-08 കാലഘട്ടത്തിൽ ടൈറ്റാനിയം കമ്പനി വിദേശത്തു നിന്നും യന്ത്ര സാമഗ്രികൾ ഇറക്കുമതി ചെയ്തപ്പോൾ കള്ളത്തരങ്ങൾ എഴുതി നൽകി കസ്റ്റംസ് ഡ്യൂട്ടി ഇളവ് നേടി . 2024 ആയപ്പോഴേക്കും ഡ്യൂട്ടിയും, പലിശയും , പിഴയും 100 കോടിയോളമായി ഉയർന്നു .രാഷ്ട്രീയക്കാരും , ഐ എ എസ് കാരും, ഐ ആർ എസ് കാരും കൂടി ഒത്തു കളിച്ചു റെവന്യൂ റിക്കവറി 16 വര്ഷം നീട്ടിക്കൊണ്ടുപോയി . അഴിമതിക്കാരെ സഹായിക്കാൻ കേന്ദ്ര സർക്കാർ പുതിയ ആംനസ്റ്റി സ്കീം കൊണ്ട് വന്നു . സി ബി ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിൽ 80 കോടി എഴുതി തള്ളി . 18.93 കോടി രൂപയടച്ചു കേസ് ഒത്തു തീർപ്പാക്കാൻ തീരുമാനിക്കുന്നു . ടൈറ്റാനിയം കമ്പനിയുടെ കൈവശം പൈസ ഇല്ല . സർക്കാരിലേക്ക് എഴുതി . ധനകാര്യ വകുപ്പ് എതിർത്തു. മുഖ്യമന്ത്രി അതിനെ ഓവർ റൂൾ ചെയ്തു . ഖജനാവിൽ നിന്നും കഴിഞ്ഞ വര്ഷം പൈസ നൽകി .
മോദിയും , അമിത് ഷായും , ഗഡ്കരിയും ഒക്കെ തങ്ങളുടെ പോക്കറ്റിൽ ആണെന്ന അഹങ്കാരം . ടൈറ്റാനിയത്തിന്റെ പേരിൽ എന്ത് അഴിമതി നടത്തിയാലും ബി ജെ പി യുടെയും, കോൺഗ്രസ്സിന്റെയും നേതാക്കന്മാർ വാ തുറക്കുകയില്ല എന്ന് മുഖ്യസഖാവിനു അറിയാം . പിന്നെ ഹരീഷ് സാൽവെ എന്ന വമ്പൻ വക്കീൽ തങ്ങളുടെ കീശയിൽ . അപ്പോൾ പിന്നെ ആരെ പേടിക്കാൻ ആണ് ?
അഴിമതിയുടെ ബാധ്യതയായ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ ഖജനാവിൽ നിന്നും കോടികൾ നൽകിയത് മറ്റൊരു അഴിമതി ആണെന്നാണ് എന്റെ വാദം . അഴിമതിക്കാരുടെ സ്വത്തു കണ്ടു കെട്ടുകയാണ് സർക്കാർ ചെയ്യേണ്ടി ഇരുന്നത് . എന്റെ പരാതിയിൽ 13 വര്ഷം ഈ കേസ് അന്വേഷിച്ച വിജിലൻസ് എന്ത് കൊണ്ടാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാതിരുന്നത് ?
2006 June 6 നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഞാൻ പരാതി നൽകുമ്പോൾ വിദേശ കമ്പനികളും . മെക്കോൺ എന്ന കേന്ദ്ര പൊതു മേഖലാ സ്ഥാപനവും ഉണ്ടായിരുന്നു . യു ഡി എഫ് അധികാരത്തിൽ നിന്നും ഇറങ്ങി പോകുന്നതിനു മുൻപ് 3 കോടി 38 ലക്ഷം രൂപ മാത്രം ആണ് അഡ്വാൻസ് നൽകിയിരുന്നത് . എന്റെ പരാതി കിട്ടിയപ്പോൾ തന്നെ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാമായിരുന്നു . സി ബി ഐ ക്കു കേസ് കൈമാറാമായിരുന്നു . വെട്ടിക്കാനുള്ള കോടികൾ ഒക്കെ വെട്ടിച്ചു തീരുന്നതു വരെ എന്തിനാണ് ഇടതു പക്ഷം കാത്തിരുന്നത് ? ഇതും കഴിഞ്ഞു ഉമ്മൻ ചാണ്ടിയെ ടൈറ്റാനിയം കള്ളൻ എന്ന മുദ്ര കുത്തി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി . യഥാർത്ഥ പ്രതികൾ പുകമറയ്ക്കുള്ളിൽ .
ടൈറ്റാനിയം അഴിമതിക്ക് പിന്നിൽ ഉമ്മൻ ചാണ്ടി ആണെന്ന് സി പി എമ്മും തിരുവനന്തപുരത്തെ മാധ്യമ സിൻഡിക്കേറ്റും . അല്ല ചില സി പി എം നേതാക്കളും , യു ഡി എഫ് ലെ ഒരു ഘടക കഷിനേതാക്കളും ,ഐ എ എസ് കാരും , കമ്പനിയിലെ ഉദ്യോഗസ്ഥരും , സാങ്കേതിക വിദഗ്ധരും ആണെന്ന് സെബാസ്റ്റ്യൻ ജോർജ് . ഹൈക്കോടതിയിലെ ചില ജഡ്ജിമാരും , വക്കീലന്മാരും അഴിമതിക്ക് ഒത്താശ ചെയ്തു കൊടുത്തു . വിജിലൻസ് വകുപ്പിലെ ഐ പി എസ് കാരും , വിജിലൻസ് കോടതിയും കോടികളുടെ അഴിമതി വായും പൊളിച്ചു നോക്കി നിന്നു. അഴിമതി നടന്ന ശേഷം അല്ല ഞാൻ പരാതി നൽകിയത് . പദ്ധതിക്ക് കരാർ നൽകുന്നതിനും 5 വര്ഷം മുൻപാണ് ലോകായുക്തയിൽ നിന്നും ഞാൻ സ്റ്റേ വാങ്ങിക്കുന്നത് . ആ വിധി അട്ടിമറിക്കപ്പെട്ടു . അഴിമതിയെ എതിർത്തു കൊണ്ട് കേരള ഹൈക്കോടതിയിൽ ഞാൻ ഫയൽ ചെയ്ത 7 കൗണ്ടറുകൾ ജഡ്ജിമാർ പുച്ഛിച്ചു തള്ളി . കോടികളുടെ പൊതുമുതൽ നഷ്ടം . ഒരു പൊതു മേഖലാ സ്ഥാപനം തകർന്നു തരിപ്പണം . ആർക്കെതിരെയും നടപടി ഇല്ല . 6 വർഷമായിട്ടും സി ബി ഐ യഥാർത്ഥ പരാതിക്കാരൻ ആയ എന്റെ അടുത്ത് വരുവാൻ തയ്യാറല്ല . ഇത് ആരൊക്കെ തമ്മിലുള്ള ഒത്തു കളിയാണ് ? ബി ജെ പി നേതാക്കന്മാർ മറുപടി പറയണം.
ഉമ്മൻ ചാണ്ടിക്ക് ടൈറ്റാനിയം അഴിമതിയിൽ പങ്കുള്ളതായി തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടു 6.6.2016 ൽ മുഖ്യമന്ത്രി പിണറായി വിജയന് ഞാൻ കത്ത് നൽകിയിരുന്നു . ആ ഫയൽ സെക്രട്ടറിയേറ്റിൽ നിന്നും അപ്രത്യക്ഷമായി . സഖാക്കന്മാർക്കു കാര്യം മനസ്സിലായിക്കാണും .അത് കൊണ്ട് ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞു ഇനിയും ജനങ്ങളെ വിഡ്ഢികളാക്കേണ്ടതില്ല . കള്ളന്മാരായ നേതാക്കന്മാർ പറയുന്നത് കേട്ട് ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സമരം നടത്തി പോലീസിന്റെ തല്ലു കൊണ്ട കുറെ പാവം സഖാക്കന്മാർ കേരളത്തിൽ ഉണ്ട് . അവരോടു മാപ്പു പറയുവാനുള്ള മാന്യത എങ്കിലും ബേബി സഖാവിനും , ഗോവിന്ദൻ സഖാവിനും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു .
.സഖാക്കൾ ആയ എന്റെ സുഹൃത്തുക്കളോട് സ്നേഹ പൂർവം അറിയിക്കുകയാണ് . എനിക്ക് രാഷ്ട്രീയ താൽപ്പര്യങ്ങൾ ഒന്നും ഇല്ല . നിങ്ങൾ ചുമന്നു കൊണ്ട് നടക്കുന്ന ചില നേതാക്കന്മാർ ഭൂലോക കള്ളന്മാർ ആണെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയുക . അവരെ ന്യായീകരിക്കേണ്ട ബാധ്യതയൊന്നും നിങ്ങൾക്കില്ല . അഴിമതിക്കാർ ഏതു പാർട്ടിയിൽ പെട്ടവർ ആയാലും പുറത്തു പോകട്ടെ .
പാവപ്പെട്ട തൊഴിലാളികൾ രക്തം ചിന്തി പടുത്തുയർത്തിയ , കൃഷ്ണപിള്ളയും , എ കെ ജി യും , ഇ എം എസ്സും , നായനാരും ഒക്കെ നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് എനിക്ക് ബഹുമാനം ഉണ്ട് . എന്നാൽ ജനങ്ങളെയും , പാവപ്പെട്ട സഖാക്കളെയും വിഡ്ഢികളാക്കി പൊതു മുതൽ കൊള്ളയടിക്കുന്ന കള്ളന്മാരോട് ഒരു ബഹുമാനവും എനിക്കില്ല .
എന്റെ വാദങ്ങളോട് നേതാക്കന്മാർക്ക് വിയോജിക്കാം . നിങ്ങളുടെ വാദങ്ങൾ പൊതു സമൂഹത്തിൽ നിങ്ങൾ നിരത്തുക . മറുപടി പറയുവാനുള്ള അറിവും , നട്ടെല്ലും എനിക്ക് ഉണ്ട് . ഹരീഷ് സാൽവയെ കാണുമ്പോൾ മുട്ടിടിക്കുന്ന ജഡ്ജിമാരും , വക്കീലന്മാരും ഹൈക്കോടതിയിൽ ഉണ്ട് . എന്റെ മുട്ട് ഒന്നും ഇടിക്കുകയില്ല . നേരിടുവാൻ തയ്യാർ .
പിണറായി സർക്കാറിനെ താഴെ ഇറക്കാൻ പല വിധ യാത്രകൾ നടത്തി മോന്ത കരുവാളിച്ചു പോയ കുറെ മൂത്ത നേതാക്കന്മാർ കോൺഗ്രസ്സ് പാർട്ടിയിലുണ്ട് . ഒരു ഫലവും ഇല്ല . യാത്രകൾ ഒന്നും നടത്താതെ പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കഴിയും. പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കഴിയുന്ന ബോൾ ഒരു തളികയിൽ ആക്കി ഗോൾ പോസ്റ്റിനു മുൻപിൽ ഞാൻ വെച്ചിരിക്കുകയാണ് . ഒന്ന് ഊതിയാൽ ഗോൾ ആകും . പിണറായി സർക്കാർ നിലം പോത്തും . അതിനു നട്ടെല്ലുള്ള ഏതു നേതാവാണ് കോൺഗ്രസ്സ് പാർട്ടിയിൽ ഉള്ളത് ? ബി ജെ പി യിൽ ഉള്ളത്?
2026 ൽ ആരാകും കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി എന്നൊക്കെ പറഞ്ഞു സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ കാണാറുണ്ട് . ഗവര്ണറുടെയും , മുഖ്യമന്ത്രിയുടെയും രാജി ആവശ്യപ്പെടാനും , ട്രാവൻകൂർ ടൈറ്റാനിയം നഷ്ടമാക്കിയ കോടികൾക്കു ഉത്തരാവാദികൾ ആയവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം , അവരുടെ സ്വത്തുക്കൾ കണ്ടു കെട്ടണം എന്ന് പറയുവാനും നട്ടെല്ലില്ലാത്ത ഒരു നേതാവും ഇനി കേരളത്തിന്റെ മുഖ്യ മന്ത്രി ആകുവാൻ പോകുന്നില്ല എന്ന് ഞാനും പ്രവചിക്കുകയാണ്.
ടൈറ്റാനിയം അഴിമതിയെ കുറിച്ച് കോൺഗ്രസ്സ് ഹൈക്കമാണ്ടും , കെ പി സി സി യും നിലപാട് വ്യക്തമാക്കിയേ പറ്റൂ . അതിനു തയ്യാറല്ലെങ്കിൽ അടുത്ത മിസൈൽ ഇന്ദിര ഭവനിലേക്ക് ആയിരിക്കും എന്ന് ബഹുമാന പൂർവ്വം നേതാക്കന്മാരെ അറിയിച്ചു കൊള്ളുന്നു . കോടികളുടെ അഴിമതി നടക്കുമ്പോൾ ടൈറ്റാനിയത്തിലെ ഐ എൻ ടി യു സി യൂണിയന്റെ പ്രസിഡന്റുമാർ ആയിരുന്ന കോൺഗ്രസ്സ് നേതാക്കന്മാർ ആരോക്കെ ആണ് ? എന്താ നിങ്ങളുടെ ഒന്നും വായിൽ നാക്കില്ലേ ? അടുത്ത മുഖ്യ മന്ത്രി ആകാൻ കോട്ടും തുന്നിയിരിക്കുന്ന ഒരു നേതാവ് 11 വര്ഷം മുൻപ് ഹൈക്കോടതിയിൽ പോയി വിജിലൻസ് കോടതിയിലെ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തി . എന്തിനെന്നു കോൺഗ്രസ്സ് പാർട്ടി അന്വേഷിക്കാതിരുന്നത് എന്ത് കൊണ്ട് ? 11 വർഷത്തിന് ശേഷം ആ കേസ് പൊങ്ങി വന്നിരിക്കുകയാണ് . ആ കേസിൽ ഞാൻ അഞ്ചാം കഷി ആണ് . കൂടുതൽ ഇപ്പോൾ പറയുന്നില്ല .
പുനഃ സംഘടനയിൽ സ്ഥാനം കിട്ടാത്ത കുറെ നേതാക്കന്മാർ ഉണ്ട് . മൂത്ത നേതാക്കന്മാർക്ക് ടൈറ്റാനിയം അഴിമതിയെ കുറിച്ച് വാ തുറക്കാൻ ഭയമാണെങ്കിൽ നിങ്ങൾ മുൻപോട്ടു വരണം . യുവ നേതാക്കന്മാർക്കും അവസരം . സി ബി ഐ ക്‌ളീൻ ചിറ്റ് നൽകാതെ പത്രോസ് ശ്ലീഹ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ സ്വർഗത്തിൽ കയറ്റുകയില്ല. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന കോൺഗ്രസ്സ്കാരോക്കെ എന്തെ മൗനം ?. സി ബി ഐ എത്രയും പെട്ടന്ന് കുറ്റ പത്രം സമർപ്പിക്കണം എന്ന് പറയുവാനുള്ള ധൈര്യം പോലും നിങ്ങൾക്കില്ലേ ? അതോ ജന പ്രിയ നേതാവ് ആയിരുന്ന ഉമ്മൻ ചാണ്ടി എക്കാലവും ടൈറ്റാനിയം കള്ളൻ എന്ന പേരിൽ അറിയപ്പെടണം എന്നാണോ കോൺഗ്രസ്സ് പാർട്ടിയിലെ നേതാക്കന്മാരെ പോലെ നിങ്ങളുടെയും ആഗ്രഹം? ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം വന്നപ്പോൾ കോൺഗ്രസ്സ് പാർട്ടിയിലെ ഒരു നേതാവ് പോലും പ്രതികരിച്ചില്ല .
2026 ൽ ബി ജെ പി കേരളത്തിൽ 30 സീറ്റ് പിടിക്കും , ഭരണത്തിൽ പങ്കാളി ആകും എന്നൊക്കെ ഉള്ള ബഡായി കേൾക്കുമ്പോൾ ചിരി വരാറുണ്ട് . യു ഡി എഫ് നും , എൽ ഡി എഫ് നും ഒരു പോലെ പങ്കുള്ള ടൈറ്റാനിയം അഴിമതി കേസ് സി ബി ഐ ക്കു കൈമാറിയത് 2019 സെപ്റ്റംബറിൽ . കേസ് ഏറ്റെടുക്കാൻ സി ബി ഐ താൽപ്പര്യം കാണിച്ചില്ല . അഴിമതി തെളിയിക്കുവാനുള്ള മുഴുവൻ രേഖകളും 2021 ഓഗസ്റ്റിൽ സി ബി ഐ ക്കു ഞാൻ അയച്ചു കൊടുത്തു . എന്നിട്ടും പേരാവൂരിൽ വരാൻ അവർ ഭയപ്പെടുന്നു . സി ബി ഐ ടൈറ്റാനിയം കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ അതൊരു രാഷ്ട്രീയ സുനാമി ആയി മാറും . എന്നിട്ടും ടൈറ്റാനിയം അഴിമതിയെ കുറിച്ച് വാ തുറക്കാൻ ബി ജെ പി നേതാക്കന്മാർക്ക് ധൈര്യം ഇല്ല . ഇവരാണോ കേരളം പിടിക്കാൻ പോകുന്നത് ?
മാലിന്യ നിർമ്മാർജ്ജനത്തിന്റെ പേരിൽ കോടികൾ വിഴുങ്ങിയ കോട്ടും ,സൂട്ടും , ഖദറും ധരിച്ചവർ സമൂഹത്തിൽ മാന്യന്മാർ ആയി വിലസുന്നു . കോടികളുടെ അഴിമതി തടയുവാനും , പൊതുമുതൽ സംരക്ഷിക്കാനും , ജോലി ചെയ്തിരുന്ന സ്ഥാപനത്തെ ഒരു വൻനാശത്തിൽ നിന്നും രാഖിക്കുവാനും കേസ് നൽകിയ ഞാൻ 25 വർഷമായി നീതിക്കു വേണ്ടി അലയുന്നു . റിട്ടയർ ചെയ്യുന്ന ജീവനക്കാർക്ക് നൽകുന്ന ഒരു പവന്റെ സ്വർണ്ണ മോതിരം 23 വർഷമായിട്ടും എനിക്ക് ലഭിച്ചിട്ടില്ല .
അഴിമതി തുടച്ചു നീക്കി , എല്ലാവര്ക്കും നീതി നടപ്പിലാക്കി , കേരളം എല്ലാത്തിലും നമ്പർ വൺ എന്ന് പിണറായി സർക്കാർ . ‘Zero Tolerance to Corruption ‘എന്ന് മോഡി സർക്കാർ . കടക്കെണിയിൽ ആയി ആത്മഹത്യ ചെയ്യുന്ന പാവപ്പെട്ട കർഷകരെ സഹായിക്കാൻ സർക്കാരിന്റെ കൈവശം പൈസ ഇല്ല . ആശാ വര്ക്കര്മാര്ക്ക് ന്യായമായ വർദ്ധനവ് നൽകുവാൻ പൈസ ഇല്ല . സഹകരണ ബാങ്കുകൾ കൊള്ളയടിക്കപ്പെടുന്നു .പാവപ്പെട്ട ജനങ്ങൾ കഷ്ടപ്പെടുന്നു . സംസ്ഥാനത്തിന്റെ പൊതു കടം 4.8 ലക്ഷം കോടി രൂപ . ലക്ഷ കണക്കിന് യുവാക്കൾ തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്നു .ഈ സാഹചര്യത്തിൽ ടൈറ്റാനിയത്തിലെ അഴിമതിക്ക് ഖജനാവിൽ നിന്നും നൽകിയത് കോടികൾ . ആരും ചോദിക്കാൻ ഇല്ല .
എന്റെ കോലം കത്തിക്കണം എന്നുള്ളവർക്കു അതാകാം . പേരാവൂരിലേക്കു മാർച്ച നടത്തണം എന്നുള്ളവർക്കു അതാകാം . കനൽ ഒരു തരി ബാക്കി ഉണ്ട് . അതിൽ നിന്നും തീ പടരുന്നത് എങ്ങോട്ടാണ് എന്ന് ദൈവത്തിനു മാത്രം അറിയാം . അഴിമതിക്കെതിരെ കേസും കൊണ്ട് നടന്നു ജീവിതം തുലച്ചു ഒരു വിഡ്ഢി ആയി ഈ ഭൂമിയിൽ നിന്നും മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല .
I will win this War
Sebastian George
Will Pinarayi's cabinet collapse? Who will be exposed in the titanium scandal? The governor, the chief minister, or the entire Pinarayi government?






















